പ്രണയപർവ്വം

എന്റെ പ്രണയ ചിന്തകൾ

Thursday, April 2, 2015

വെറുതെ..

സൂര്യനുയരുന്നതും നേരം പുലരുന്നതും
കാക്ക കരയുന്നതും വെറുതെ.
വേലിയേറുന്നതും തിരയുയരുന്നതും
അലകളിളകിയാടിയമരുന്നതും വെറുതെ
സന്ധ്യ ചോക്കുന്നതും പൂവൂ കൂമ്പുന്നതും
രാത്രിയാവുന്നതും കാറ്റടിക്കുന്നതും
ചന്ദ്രനെത്തുന്നതും വെറുതെ.
നാമ്പുതിര്‍ക്കുന്നതും ഇല തളിര്‍ക്കുന്നതും
കായുണങ്ങുന്നതും താഴെ വീഴുന്നതും
മുളയെടുക്കുന്നതും വെറുതെ.
മഴ നനയ്ക്കുന്നതും പുഴ ചിരിക്കുന്നതും
കാടു കൂടുന്നതും ഞാന്‍ മരിയ്ക്കുന്നതും
നീ വിതുമ്പുന്നതും വെറുതെ.

Wednesday, April 1, 2015

നാർസിസസ്

നാർസിസസ്

പ്രതിധ്വനികളുടെ  രാജകുമാരീ 
നീയിപ്പോൾ  എവിടെയാണ്
ജന്മാന്തരങ്ങൾ  നീളുന്ന
പ്രണയ  വ്യഥകൾ
തനിച്ചനുഭവിക്കാൻ
എന്നെയും ശപിച്ച്
എത്  മലമടക്കുകളിലാണു
ഞാൻ പോലും  കാണാതെ
എന്റെ  ദുരിത  പർവ്വം കണ്ട്
  നീ ഒളിച്ചിരിക്കുന്നത് .

മഞ്ഞു  പെയ്യുന്നൊരീ
നനുത്ത   മലനിരകളിൽ
ഒലീവ്  മരങ്ങളെ
  സാക്ഷിയാക്കി
തെളിനീർ ചാലിലേക്ക്
  മുട്ട് കുത്തി  ഞാൻ
എന്തെല്ലാമോ പുലമ്പുന്നത് 
നീ  കാണുന്നില്ലേ

തളരുകയാണു ഞാൻ
കൈകാലുകൾ  മരവിച്ച്
കാഴ്ച്ച  മങ്ങി മെല്ലെ
ഹൃദയ  മിടിപ്പ്  കുറയുന്നതും
  ശ്വാസ നിശ്വാസങ്ങൾ
  മന്ദമാവുന്നതും ഞാനറിയുന്നു.

 ഇപ്പോൾ  നമ്മൾ
തുല്ല്യ  ദുഖിതരാണല്ലോ
ഇനിയെങ്കിലും നിനക്കെന്നെ
  വെറുക്കാതിരിക്കാം .









മൌനത്താൽ നാം തീർത്ത
മതിലുകൾക്കിരുപുറം
ദീർഘനിശ്വാസങ്ങൾ കാറ്റുതിർക്കേ
കുളിരല്ല , ചൂടിൻ
നെരിപ്പോടു താങ്ങുവാൻ
വഴിതേടിയുഴലുകയാണു ഞാനും