പ്രണയപർവ്വം

എന്റെ പ്രണയ ചിന്തകൾ

Saturday, September 5, 2015

ഞാനിവിടെയുണ്ട്....


നെഞ്ചിലെ വിഷവും
ചണ്ടിലെ ചിരിയുമായി.
ആദ്യം കണ്ടത്
പൂതനയെ തന്നെയാണു.

നിവൃത്തികേടില്‍
ചോരവാർത്തി കൊന്നെങ്കിലും
കുറ്റപെടുത്തിയില്ല ഒരിക്കലും.

വിഷം തീണ്ടിയ
പശുവും പക്ഷികളും
ചത്തു വീഴുന്നത് കണ്ടാണു
നദിയിലെക്കന്നെടുത്ത് ചാടിയതും
കാളിയനെ മര്‍ദ്ദിച്ചതും.

നറു വെണ്ണ  പോലെ  തോന്നിക്കും
ചതിയുടെ മുഖങ്ങളിങ്ങനെ
പിന്നെയും ഒരു പാട് കണ്ട്
വളർന്നത് കൊണ്ടാവാം

നിന്റെ ചുണ്ടിലെ പ്രണയ രാഗം
എന്റെ ഹൃദയരാഗമായി
മനസ്സിൽ പതഞ് നുരഞ്ഞ്
പ്രണയ വൃന്ദാവനം തീർത്തിട്ടും


ഒരിക്കലും പൂവണിയാത്ത
സുന്ദര മോഹമായി
നമ്മളിങ്ങനെ നിശ്വാസങ്ങളുതിർത്ത്
മനസ്സില്‍ മാത്രം
പ്രണയഗീതങ്ങള്‍ പാടി
 ദൂരങ്ങളിൽ ഇന്നും വൃഥാ
ഗതകാലമയവിറക്കുന്നതും.

പൂതനയും രാധയുമെല്ലാം
എന്റെ ജീവിതത്തിൽ
ഞാൻ തന്നെ നേരിടേണ്ട
നിയോഗങ്ങാളാണെന്നു
സ്വയം തിരിച്ചറിയാൻ
വൈകിപ്പോയിരുന്നോ,

ഇതുവരെയൊന്നും പഠിച്ചില്ലെന്നു
പഠിയ്ക്കാൻ ഇത്രയും നാൾ ,
ഇനിയെന്തെങ്കിലും പഠിയ്ക്കാൻ
എത്ര നേരമെന്നറിയില്ല,

എങ്കിലും കാലിൽ തറച്ച
വിഷം തേച്ച അമ്പുമായി
ഊഴവും കാത്ത്
ചുണ്ടിലൊരു ചിരിയുമായി
ഞാനിവിടെയുണ്ട് ....