പ്രണയപർവ്വം

എന്റെ പ്രണയ ചിന്തകൾ

Wednesday, October 26, 2016

വര്‍ഷ മേഘം....!!


വര്‍ഷ മേഘം....!!


ഞാന്‍ വരും ഒരു വര്‍ഷമായ്
നിന്നിലേക്കാഞുപെയ്യും പിന്നെ
കാറ്റായാഞുവീശിയലറിയിടിയായ്
തിരിച്ചുപോരുമെന്നാകാശത്തിലേക്ക്
അതിനിടയില്‍ നിന്റെ പരിഭവച്ചൂടും
നീരാവിയും കോപവും ഞാനൊടുക്കും
ഋഷഭമേഘങ്ങളാകാശഗര്‍ജനമാടും
ഒരോ രോമകൂപത്തിലും കുളിരായ്
അരിച്ചിറങ്ങും ശീല്‍ക്കാരശബ്ദമുതിരും
കെട്ടിമറിഞുരുള്‍പൊട്ടലായ് ചീറ്റും
ഋതുഭേദങ്ങള്‍ മാറിയാലും വരുമെന്നും
മറക്കില്ലെന്നും പറഞാശ്വസിപ്പിക്കും
തളിരിട്ട പുഞ്ചിരിപുല്‍കൊടിയാലെന്നെ
മൌനാനുവാദം തന്നു യാത്രയാക്കണം
താരങ്ങള്‍ മേയുമെന്നാകാശത്തിലെക്ക്
വീണ്ടും പെയ്യാന്‍ ഞാന്‍ തിരിച്ച് പോകും..

Friday, July 22, 2016





(ചിത്രം കടപ്പാട് ഗൂഗള്‍ )
മഴേ..!!

ഏതോ അതി ന്യൂന മർദ്ദത്തിലേക്ക്
ആഞ് കയറുന്ന കാറ്റും
അതിനിടയിൽ തണുത്തുറയുന്ന
കാർമേഘവും ഒരു പുതുമയല്ല .
ചാക്രിക ചലനങ്ങലുടെ തെറ്റാത്ത
നിഷ്ടകളും ആവർത്തനങ്ങൾ മാത്രം .
ചലനവേഗത്തിൽ സ്ഥാനീയത
നഷ്ടമാവുന്ന മേഘകൂട്ടുകളുടെ
ഗർജ്ജനം ആരും ഗൌനിക്കാറില്ല .
എന്നാൽ,
ഒരു മഹാ വിസ്ഫോടനത്തിൽ
ഉള്ളുരുകി തപിച്ച് നിന്നപ്പൊൾ
എനിക്ക് തണുക്കാനും കുളിരാനും
മുക്കാലൊളം മുങ്ങിയിങ്ങനെ കിടക്കാനും
പേമാരിയായി നിന്നെയയച്ചത്
ആരെന്ന് നീ മറക്കുന്നുവോ

വേണ്ടാ ,
ഒരു പഴിചാരൽ നമുക്കിടയിൽ വേണ്ടാ
എന്നിൽ നിന്നും ബാഷ്പമായുയർന്ന്
എന്നിലേക്ക് തന്നെ ഒതിർന്ന് വീഴാൻ,
കാലങ്ങളോളം നീയും ഞാനുമിഴചേർന്ന്
ഹരിതവർണ്ണങ്ങളും മിഴിയനക്കങ്ങളും
തുടിച്ച് നിൽക്കുന്ന ഈ ഭൂമിയിൽ
വിനാശചിന്തയല്ലാതെ വേറെയും
നിയോഗങ്ങൾ നിനക്കായുണ്ട്..!!!



Wednesday, May 25, 2016

പൂരാന്ത്യം





ഗതകാല  സ്മൃതികളിൽ നിന്നും
കാലങ്ങൾക്കിപ്പുറത്തേക്ക്
കൊട്ടിക്കയറുന്ന  
മേളപ്പെരുക്കങ്ങളെ  സാക്ഷിയാക്കി
മോഹാവേശങ്ങളുടെ കുടമാറ്റം

വാഗ്ദാനങ്ങളുടെ  കൊട്ടിക്കലാശത്തിൽ
മുകളിലേക്ക് പോയി
ജീവിതം പോലെ
പൊട്ടിയും ചീറ്റിയും
വെറും പുകയായ് മാറുന്ന
വർണ്ണ  പുഷ്പങ്ങൾ

വീണ്ടും  കാണാൻ
ഉപചാരം ചൊല്ലി പിരിയുമ്പോൾ   
പ്രണയ മിഴികളിൽ
ഇമയനക്കങ്ങളുടെ  ദ്രുതതാളം

ഇടയ്ക്കൊന്ന് പിന്തിരിഞ്ഞ് നോക്കി
മെല്ലെ നടക്കുന്നകലുന്ന
നിറമിഴികളിൽ
വേർപിരിയലിന്റെ   സ്പുടതാളം

ഒടുവിൽ  എല്ലാം കഴിഞ്ഞ്
പൂരപ്പറമ്പിലെ
വിജന ശൂന്യതയിലലിയുന്ന
കാറ്റിനു പോലും
നഷ്ടമോഹങ്ങളുടെ
നിശ്ശബ്ദ ഗദ്ഗദം