പ്രണയപർവ്വം

എന്റെ പ്രണയ ചിന്തകൾ

Saturday, December 19, 2015

ഒന്നുണ്ട് ചൊല്ലുവാൻ...

ഒന്നുണ്ട് ചൊല്ലുവാൻ...


ഞാൻ,
സ്നേഹിച്ച കുറ്റത്തിന്ന് ഇന്നും
ചതിയനായറിയപ്പെടുന്നവൻ

പച്ചോലയിൽ കെട്ടിവലിച്ച്
എന്റെ കബന്ധം അവിടെ
എത്തുമ്പൊൾ നീ അവിടെ
ഉണ്ടാവണം

അറപ്പുര വാതിൽ എനിക്കായ്
തുറന്നിട്ട നീ പൊരിവെയിലിൽ
കരിഞൂണങ്ങാതെ തണലിലേക്ക്
മാറിനിൽക്കൂ

ഇപ്പോഴും,
ഈ അവസാന നിമിഷവും
എനിയ്ക്കിഷ്ടം നിന്റെ ചുവന്ന്
തുടുത്ത മുഖം തന്നെ
അത് കരിഞുണങ്ങരുത്

കളരിമുറ്റത്ത് ഇമവെട്ടാത്ത
വാൾതലപ്പുകളിൽ
പ്രണയത്തിന്റെ തീപ്പൊരികൾ
പെയ്തിറങ്ങിയപ്പോൾ

നിനക്കായ് ഞാൻ
എന്നോ കരുതിയൊരു
പൂമാല കരിഞുണങ്ങി
മാറാപ്പിലെവിടെയോ
കാത്തിരിപ്പുണ്ട്

ഉപചാരവും ശപഥവും
കാർക്കിച്ച് തുപ്പലും ശാപ വാക്കുകളും
കഴിഞാൽ ആരും കാണാതെ
അതെടുത്തണിയണം.

ചതിയുടെ പാണൻ പാട്ടുകളും
നെറിക്കേടിന്റെ നിലപാടുതറകളും
ഇല്ലാതെ ഏതെങ്കിലുമൊരു കാലം
എന്നെ ഞാനായി അഭ്രപാളിയിൽ
പകർത്താൻ ആരെങ്കിലും വരും
ജനം കോരിത്തരിക്കും

Saturday, September 5, 2015

ഞാനിവിടെയുണ്ട്....


നെഞ്ചിലെ വിഷവും
ചണ്ടിലെ ചിരിയുമായി.
ആദ്യം കണ്ടത്
പൂതനയെ തന്നെയാണു.

നിവൃത്തികേടില്‍
ചോരവാർത്തി കൊന്നെങ്കിലും
കുറ്റപെടുത്തിയില്ല ഒരിക്കലും.

വിഷം തീണ്ടിയ
പശുവും പക്ഷികളും
ചത്തു വീഴുന്നത് കണ്ടാണു
നദിയിലെക്കന്നെടുത്ത് ചാടിയതും
കാളിയനെ മര്‍ദ്ദിച്ചതും.

നറു വെണ്ണ  പോലെ  തോന്നിക്കും
ചതിയുടെ മുഖങ്ങളിങ്ങനെ
പിന്നെയും ഒരു പാട് കണ്ട്
വളർന്നത് കൊണ്ടാവാം

നിന്റെ ചുണ്ടിലെ പ്രണയ രാഗം
എന്റെ ഹൃദയരാഗമായി
മനസ്സിൽ പതഞ് നുരഞ്ഞ്
പ്രണയ വൃന്ദാവനം തീർത്തിട്ടും


ഒരിക്കലും പൂവണിയാത്ത
സുന്ദര മോഹമായി
നമ്മളിങ്ങനെ നിശ്വാസങ്ങളുതിർത്ത്
മനസ്സില്‍ മാത്രം
പ്രണയഗീതങ്ങള്‍ പാടി
 ദൂരങ്ങളിൽ ഇന്നും വൃഥാ
ഗതകാലമയവിറക്കുന്നതും.

പൂതനയും രാധയുമെല്ലാം
എന്റെ ജീവിതത്തിൽ
ഞാൻ തന്നെ നേരിടേണ്ട
നിയോഗങ്ങാളാണെന്നു
സ്വയം തിരിച്ചറിയാൻ
വൈകിപ്പോയിരുന്നോ,

ഇതുവരെയൊന്നും പഠിച്ചില്ലെന്നു
പഠിയ്ക്കാൻ ഇത്രയും നാൾ ,
ഇനിയെന്തെങ്കിലും പഠിയ്ക്കാൻ
എത്ര നേരമെന്നറിയില്ല,

എങ്കിലും കാലിൽ തറച്ച
വിഷം തേച്ച അമ്പുമായി
ഊഴവും കാത്ത്
ചുണ്ടിലൊരു ചിരിയുമായി
ഞാനിവിടെയുണ്ട് ....

Tuesday, July 21, 2015

പ്രണയമാപിനീ  നീയെനിക്കേകു

ലളിതമാനസ

Monday, July 20, 2015

ഗസല്‍..അന്നു മോഹിച്ചപ്പോള്‍...

എന്തേ....?
അന്നു മോഹിച്ചപ്പോള്‍ എന്തേ നീയൊരു
ചെന്താമരായായ് വിടര്‍ന്നീലാ
എന്റെ കണ്ണിലെ തിളക്കവുമറിഞ്ഞീലാ.
എന്തേ അറിഞ്ഞീലാ.. .............( അന്നു മോഹിച്ചപ്പോള്‍ )


നിന്റെ തളിര്‍ മേനി പുല്‍കാന്‍ കൊതിച്ച് ഞാനെത്ര-
കാതങ്ങളായ് അലഞ്ഞുവെന്നോ
നിന്റെ തൊട്ടുമുന്നിലായ് എത്രനേരം ചിരിച്ചുവെന്നോ
വൃഥാ ചിരിച്ചു വെന്നോ ..............( അന്നു മോഹിച്ചപ്പോള്‍ )


സന്ധ്യ വൈകുന്നോരീ മുഹൂര്‍ത്തത്തിലെന്തേ നിന്‍ മുഖം
തെളിഞ്ഞതും നീ ചിരിക്കുന്നതും
ഇരുള്‍ പരക്കൂന്നൂവെന്റെ മനസ്സിലും നഭസ്സിലും ,
ഇനിയൊരു ജന്മത്തിനായ്  കാത്തിരിക്കില്ലെ  എന്നെ
.................................................................( അന്നു മോഹിച്ചപ്പോള്‍ )



Thursday, April 2, 2015

വെറുതെ..

സൂര്യനുയരുന്നതും നേരം പുലരുന്നതും
കാക്ക കരയുന്നതും വെറുതെ.
വേലിയേറുന്നതും തിരയുയരുന്നതും
അലകളിളകിയാടിയമരുന്നതും വെറുതെ
സന്ധ്യ ചോക്കുന്നതും പൂവൂ കൂമ്പുന്നതും
രാത്രിയാവുന്നതും കാറ്റടിക്കുന്നതും
ചന്ദ്രനെത്തുന്നതും വെറുതെ.
നാമ്പുതിര്‍ക്കുന്നതും ഇല തളിര്‍ക്കുന്നതും
കായുണങ്ങുന്നതും താഴെ വീഴുന്നതും
മുളയെടുക്കുന്നതും വെറുതെ.
മഴ നനയ്ക്കുന്നതും പുഴ ചിരിക്കുന്നതും
കാടു കൂടുന്നതും ഞാന്‍ മരിയ്ക്കുന്നതും
നീ വിതുമ്പുന്നതും വെറുതെ.

Wednesday, April 1, 2015

നാർസിസസ്

നാർസിസസ്

പ്രതിധ്വനികളുടെ  രാജകുമാരീ 
നീയിപ്പോൾ  എവിടെയാണ്
ജന്മാന്തരങ്ങൾ  നീളുന്ന
പ്രണയ  വ്യഥകൾ
തനിച്ചനുഭവിക്കാൻ
എന്നെയും ശപിച്ച്
എത്  മലമടക്കുകളിലാണു
ഞാൻ പോലും  കാണാതെ
എന്റെ  ദുരിത  പർവ്വം കണ്ട്
  നീ ഒളിച്ചിരിക്കുന്നത് .

മഞ്ഞു  പെയ്യുന്നൊരീ
നനുത്ത   മലനിരകളിൽ
ഒലീവ്  മരങ്ങളെ
  സാക്ഷിയാക്കി
തെളിനീർ ചാലിലേക്ക്
  മുട്ട് കുത്തി  ഞാൻ
എന്തെല്ലാമോ പുലമ്പുന്നത് 
നീ  കാണുന്നില്ലേ

തളരുകയാണു ഞാൻ
കൈകാലുകൾ  മരവിച്ച്
കാഴ്ച്ച  മങ്ങി മെല്ലെ
ഹൃദയ  മിടിപ്പ്  കുറയുന്നതും
  ശ്വാസ നിശ്വാസങ്ങൾ
  മന്ദമാവുന്നതും ഞാനറിയുന്നു.

 ഇപ്പോൾ  നമ്മൾ
തുല്ല്യ  ദുഖിതരാണല്ലോ
ഇനിയെങ്കിലും നിനക്കെന്നെ
  വെറുക്കാതിരിക്കാം .









മൌനത്താൽ നാം തീർത്ത
മതിലുകൾക്കിരുപുറം
ദീർഘനിശ്വാസങ്ങൾ കാറ്റുതിർക്കേ
കുളിരല്ല , ചൂടിൻ
നെരിപ്പോടു താങ്ങുവാൻ
വഴിതേടിയുഴലുകയാണു ഞാനും

Saturday, February 28, 2015

ശാപമോക്ഷം

 ശാപമോക്ഷം

ഒരിക്കല്‍ കണ്ടു  മുട്ടും
  എന്നിലെ നീയും
നിന്നിലെ  ഞാനും
തീര്‍ച്ച,


നമ്മില്‍ നിന്നും
ഇറങ്ങി നടക്കവേ
ഒരു പക്ഷേ അവ
 ഒരു  സാ‍യാഹന
  സവാരിക്കിടയിലാവാം



  അവര്‍ തിരിച്ചറിയും
പിന്നെ അവര്‍  ഒരുമിച്ച്
കടല്‍ കരയിലേക്ക് നടക്കും
 ഒന്നും മിണ്ടാതെ,

ഉറഞ്ഞ് പോയ
പ്രണയം  വാക്കുകളെ
തടയും, കണ്ണുനീര്‍
ധാരയാവും.

കടലിന്ന്  മെല്ലെ 
  ചുവപ്പ് നി റമാവും
പെട്ടന്ന് കടല്‍ കാറ്റ്
ആഞ്ഞ് വീശും,

സമയം  കടന്ന് പോകും
  ചൂളമടിച്ച്  കൊണ്ടിരുന്ന
 കടല്‍ കാറ്റ് മെല്ലെ 
ഓങ്കാര  നാദമാവും,

  തിരയടികളുടെ
അപ്പോള്‍  മാത്രം  വന്ന
ആദിതാളത്തിന്റെ
ദ്രുതരൂപത്തില്‍ ലയിക്കും,

സൂര്യന്‍ മെല്ലെ
കടലിലേക്കു  താഴും

ഒരേ  ഒരു നിമിഷത്തേക്ക്
  ലോകം  നിശ്ചലമാകും,

അവര്‍  പരസ്പരം പുണരും ,
കൂരിരുള്‍  പരക്കും ,
അപ്പോള്‍ മാത്രമാവും 
നമ്മള്‍  ഇല്ലാതാവുക.
അതുവരെ  നമ്മളുണ്ടാവും.

മയിൽ പീലി പോലെ...

മയിൽ പീലി പോലെ...

പുസ്തക  താളിൽ പണ്ടെന്നോ
  ആരും കാണാതെ
സൂക്ഷിച്ച് വെച്ചതായിരുന്നു
ഒരു മയിൽ പീലി  പോലെ,

ഇടയ്ക്കിടെ  തുറന്ന് നോക്കാറുണ്ട്,
മെല്ലെ  കൈ കൊണ്ട്  തലൊടി
   മൂക്കിനോടുപ്പിച്ച്  പലപ്പോളും
ആ    ഗന്ധം  അറിയാറുണ്ട്.

ഇപ്പോളും എന്റെ  മധുരിക്കുന്ന
ഓർമ്മകൾക്കൊന്നും വില  ഇടിഞ്ഞിട്ടല്ല
എങ്കിലും ഭാവിയിൽ
ഓർമ്മകൾ  സൂക്ഷിക്കാൻ
ഇനിയിത്  പോരെന്നാരോ 
ഇടയ്ക്കിടെ പറയുന്ന  പോലെ.

 ഹൃദയ  മിടിപ്പോടെ
വീണ്ടും  തുറന്ന് നോക്കി 
എന്റെ പുസ്തക  താൾ,  
ഇരട്ടിച്ചിട്ടോ  പ്രസവിച്ചിട്ടോ  ഇല്ലാ
മയിൽ പീലി പോലെ  തന്നെ .
എന്നെ  പറ്റിച്ചിരിപ്പാണവിടെ.
 
 
 ഒന്നു കൂടെ തലോടി
 നെഞ്ചോട്   ചേർത്തു,  
ഒരു  വിലയുമില്ലാത്ത 
അതിനെ ഇനിയുമീ
  പുസ്തകത്താളിൽ വെയ്ക്കുന്നില്ലാ  


 പണ്ടെന്നോ    മയിൽ പീലി 
കളഞ്ഞ  പോലെ, വേദനയോടെ
കാലത്തിന്റെ ചവറ്റു കുട്ടയിലേക്ക്
ചരിത്രത്തിന്റെ  ഭാഗമാക്കാൻ
 ആ  ഒരു  രൂപ  നോട്ടും !

ഒളിച്ചോട്ടം...!!



ചുണ്ടില്‍ ചായം  പുരട്ടിയ
സുന്ദരികളെ  കണ്ടാല്‍
ഞാനിനി നോക്കില്ലാ..
കാരണം  ഞാന്‍ നിന്റെ
ചുണ്ടുകള്‍ കണ്ടിട്ടുണ്ടല്ലോ..
മനസ്സില്‍ മതിയാവോളം
നുകര്‍ന്നിട്ടുണ്ടല്ലോ..

നുണക്കുഴികള്‍  ഉണ്ടാവുന്നത്
എങ്ങിനെയെന്നോ..?
നിന്റെ   വശ്യമായ  ചിരിയില്‍
വശങ്ങളിലേക്ക് വലിയുന്ന
ഇളം ചുണ്ടുകള്‍ കവിളില്‍
തീര്‍ക്കുന്ന  വിസ്മയമല്ലേയത്

കൈതപ്പൂവിന്റെ  മണം 
നിനക്കറിയില്ലെന്നോ
വരൂ, എന്നോട്  ചേര്‍ന്ന് നില്‍ക്കൂ
നിന്റെ  മേനിയുടെ  മാദക  ഗന്ധം
എന്റെ  നിശ്വാസങ്ങളിലൂടെ
നിനക്കു തന്നെ പകര്‍ന്ന്   തരാം

ഇപ്പോള്‍  നമ്മളെ 
എല്ലാര്‍ക്കും  അറിയാം
പിന്നെ  നമ്മളെന്തിന്
ആരില്‍ നിന്നും ഒളിച്ചോടണം

 പോകാം ഇനിയും ഈ
കടല്‍ കരയില്‍ വിദൂരമായ
ചക്രവാളം നോക്കി
സമയം കഴിക്കേണ്ട,

 എങ്കിലും നമുക്കൊളിച്ചോടാം
നീയെന്നെയും ഞാന്‍ നിന്നെയും
  അറിയാത്ത ഇരുട്ടിലേക്ക്

അവിടെ നീയും ഞാനും ഉണ്ടാവില്ലാ
കൂരിരുട്ടില്‍ തിളങ്ങുന്നത്
നിന്റെ  കണ്ണുകള്‍  പോലെ
നമ്മുടെ സ്നേഹം മാത്രമായിരിക്കും...

















































Friday, January 9, 2015


april fool

പരസ്പരം.

അവന്‍,

ഹായ് സുന്ദരീ സുഖമല്ലേ
ഉറക്കം വരുന്നില്ല, വിശപ്പില്ല
നിന്നെ കാണാഞ്ഞാല്‍,
മനസ്സില്‍ നീ മാത്രമാണല്ലോ.
ഈ നല്ല പെരുമാറ്റവും, ചിരിയും
സുന്ദരമായൊരാ മുഖവും കണ്ണും
മത്തു പിടിപ്പിക്കുന്നെന്നെയും കേള്‍ക്കാ.

അവള്‍,

ചേട്ടാ എത്രനേരമായ് ഞാനും
ഇത്ര വൈകിയിട്ടും കാത്തിരിക്കുന്നു
പരിചയപ്പെട്ടതെന്റെ ഭാഗ്യം, തീര്‍ച്ച
ഈ സ്നേഹം എനിയ്ക്ക് സ്വാന്തനം
ആ മുഖമെന്റെയും സ്വപ്നം, സ്വരവും.
എന്നാണു നമ്മളോന്നാവുക.

അവന്‍,

അയ്യോ സോദരീ ചാറ്റ് മാറിയല്ലോ
മാലതിയല്ലേയിത് ക്ഷമിക്കണേ
മറന്നേക്കൂ പറഞ്ഞതെല്ലാം
ശോഭനയെന്നു കരുതി ഞാന്‍.

അവള്‍,

അറിയാമെനിയ്ക്കെന്നേ നീയൊരു
കള്ളനെന്നതും, ഭോഷ്കാ, കഷ്ടം
അമ്മയും പെങ്ങളുമില്ലേ നിനക്കും
വീട്ടില്‍ ,പെരുമാറാന്‍ പഠിയ്ക്കണം,
വൃത്തികെട്ടവന്‍ നിന്നെ കണ്ടാല്‍
നശിച്ചിടും ദിവസം തീര്‍ച്ച.