പ്രണയപർവ്വം

എന്റെ പ്രണയ ചിന്തകൾ

Friday, December 28, 2012

സര്‍ക്കസ്..!!

സര്‍ക്കസ്..!!

ഒരു കാമുകനില്‍ നിന്നും
അടുത്തതിലേക്ക്
ട്രിപ്പീസാടുന്ന
സര്‍ക്കസ്സുകാരിയുടെ
മെയ്  വഴക്കത്തോടെ
 അവള്‍,   


 ഹര്‍ഷാരവങ്ങളുമായി
ശ്വാസമടക്കിയും കോരിത്തരിച്ചും
ഗാലറിയില്‍  ഇരമ്പുന്ന
ആള്‍ക്കൂട്ടം പോലെ
നാട്ടുകാര്‍,


റിഗില്‍  താഴെ

തല  തല്ലി ചിരിച്ചും , ചിരിപ്പിച്ചും
ഗോഷ്ടി കാട്ടിയും
എല്ലാം കാണുന്ന
വെറും കോമാളിയായി
ഞാനും,

Sunday, December 16, 2012

പ്രണയ ശിഷ്ടം

പ്രണയ ശിഷ്ടം

വാക്കുകളുടെ നിരന്തര
സങ്കലന വ്യവകലനങ്ങളില്‍
കുരുങ്ങിപ്പോയ നമ്മുടെ
സ്നേഹ സമവാക്യങ്ങള്‍ !

കൂട്ടിയും കുറച്ചും
ഗുണിച്ചും ഹരിച്ചും
നാം തീര്‍ത്തൊരാ
സൂത്ര വാക്യങ്ങൾ

നാം പോലുമറിയാതെ
ആരെല്ലാമോ ചേര്‍ന്ന്
മാറ്റി മറിച്ചിട്ട ചിഹ്നങ്ങളില്‍
ആകെ തെറ്റിപ്പോയവ.


നീയെനിക്കൊരു പ്രണയ
ശൂന്യതയുടെ പൂജ്യമാണിപ്പോള്‍
ഉത്തരം അനന്തമായ
നിന്റെ പ്രണയമാക്കുവാന്‍
ഞാനിങ്ങനെ നീയാല്‍
ഹരിക്കപെടുകയും !


Saturday, November 24, 2012

ഗസല്‍..എത്ര ഗാനങ്ങള്‍...

ഗസല്‍..എത്ര  ഗാനങ്ങള്‍...

എത്ര ഗാനങ്ങള്‍ നാം ഒരുമിച്ച് പാടി
എത്ര രാഗങ്ങള്‍ നാമൊരുമിച്ച് മൂളീ
അതിലൊരു ഗാനം പോലും
എനിയ്ക്കായ് നീ പാടിയില്ലല്ലോ ..........(എത്ര ഗാനങ്ങള്‍ )


എത്ര ചിത്രങ്ങള്‍ നാം ഒരുമിച്ച് തീര്‍ത്തൂ
എത്ര വര്‍ണ്ണങ്ങള്‍ നാം ഒരുമിച്ച് ചാലിച്ചു
അതിലൊരു ചിത്രത്തില്‍ പോലും
നീയെന്നെ വരച്ചില്ലല്ലോ ...........( എത്ര ഗാനങ്ങള്‍ )


എത്ര നേരം നാം ഒരുമിച്ച് ചിരിച്ചൂ
എത്ര പേരെ നാമൊരുമിച്ച് ചിരിപ്പിച്ചു
അതിലൊരു ചിരിപോലും നീ
എനിയ്ക്കായ് ചിരിച്ചില്ലല്ലോ. ............... ( എത്ര ഗാനങ്ങള്‍ )

Wednesday, October 10, 2012

പരിഭവം

പരിഭവം

ഇല്ലാ  പെയ്‌വതില്ല
ഞാനിനിയുമലയുമീ
ഗഗനവീഥിയിലേക-
നായൊരു മേഘമായ്

പ്രണയതാപവുമായി-
നീയടരുകള്‍ വറ്റി
വരണ്ട്  പൊട്ടി
ഉണങ്ങി വിയര്‍ത്തിടേ

ആഴ്ന്നിറങ്ങിയൊരു
ചെറു  കുളിരാവതില്ല
നിന്‍  നഗ്നമേനിയി-
ലലിവതില്ലിത്  മേലിലായ്

നിന്‍ ജാരസ്നേഹിതര്‍
കൊന്നു കൊലവിളിയോതിടേ
ഉയിർ  പോകവേ ,  ഒരു
  ബാഷ്പമായ് ഞാൻ മാറിയും

കരിമുകിലല്ല ഞാനിന്ന്
വെറുമൊരു  പ്രണയ
ബാഷ്പത്തില്‍ മോഹഭംഗ
കരിനിഴല്‍ മാത്രമാം..


Monday, October 8, 2012

കൂട്ടുകാരി..

നീ ഓര്‍ക്കുന്നോ
എന്നായിരുന്നു നമ്മള്‍ ആദ്യം
കണ്ടുമുട്ടിയത്,
പഞ്ചാര മണ്ണീല്‍ മുട്ടിയുരുമ്മി
കൈ വിരലുകള്‍ കൊണ്ട്
നിന്റെ ഉടലില്‍
ഞാന്‍ തീര്‍ത്ത പല ഭാവങ്ങള്‍
അന്നുതോട്ടിന്നുവരെ
നീയുമായി പങ്കുവെച്ച
എന്റെ പല വികാരങ്ങള്‍
കൂടെയുള്ളവര്‍ മറുകണ്ടം
ചാടി ചതിച്ചപ്പോഴും
കൊഞനം കുത്തിയപ്പോളും
നീയെന്നെ തനിച്ചാക്കിയില്ല,
അമ്പത്തൊന്നു വൈരുധ്യങ്ങളായി
നീയെന്റെ കൂടെ തന്നെ വേണം
മുന്നോട്ടുള്ള യാത്രയിലും
ഈ ലോകം തിരിച്ചറിയാന്‍,
ഞാന്‍ നിന്നെയും
നീ എന്നെയും മറക്കുന്നതുവരെ.

Thursday, August 30, 2012

സീത !!

 സീത  !!


ജനകരാജസുത പതിവ്രത  സീത,
ജനനിയെ വിളിച്ചന്നു കരഞ്ഞൊരാ  സീതാ ...
ലങ്കയിലുറങ്ങാതെ  ഇരുന്നൊരാ സീതാ,
ലക്ഷങ്ങളിന്നും വാഴ്ത്തുന്ന  ദേവീ...
ജന  ലക്ഷങ്ങളിന്നും  വാഴ്ത്തുന്ന  സീതാ....!!
 ............................................................................(ജനകരാജ  സുത)
മൈഥിലി മനംനൊന്ത്  കരഞ്ഞതിന്‍  പൊരുളേന്തേ
മന്നവ മനസ്സിനെ മഥിച്ചതില്ലേ  തെല്ലും
മനമലിഞ്ഞിടറാതെ  ഇരുന്നതെന്തേ
രാമാ മനുഷ്യനായ്  ജനിച്ചതിന്‍  മതിഭ്രമമോ
തവ പത്നിയെ ത്യജിപ്പതിന്‍ ന്യായമെന്തേ
 ............................................................................(ജനകരാജസുത)

കലിയുഗ  സീതമാര്‍ കേഴുന്നൂ നിരന്തരം
ലക്ഷ്മണ  രേഖയും  മറന്ന്  ചിരിക്കുന്നൂ
കലഹങ്ങള്‍ക്കൊടുവിലായിന്നും
പരിത്യാഗം പരസ്പരം  പഴിചാരി  തുടര്‍ന്നിടുന്നൂ
പരസ്പരം  പഴിചാരി  തുടര്‍ന്നിടുന്നൂ
 ............................................................................(ജനകരാജ സുത)

Monday, February 6, 2012

ഞാനിവിടെയുണ്ട്....

നെഞ്ചിലെ വിഷവും ,
ചിരിയുമായി.
ആദ്യം കണ്ടത്
പൂതനയെ തന്നെയാണു.
നിവൃത്തികേടില്‍
ചോരവാർത്തി കൊന്നെങ്കിലും
കുറ്റപെടുത്തിയില്ല ഒരിക്കലും.
വിഷം തീണ്ടിയ
പശുവും പക്ഷികളും
ചത്തു വീഴുന്നത് കണ്ടാണു
നദിയിലെക്കന്നെടുത്ത് ചാടിയതും
കാളിയനെ മര്‍ദ്ദിച്ചതും.
ചതിയുടെ മുഖങ്ങളിങ്ങനെ
പിന്നെയും കണ്ട് വളർന്നതാവാം
നിന്റെ ചുണ്ടിലെ പ്രണയ രാഗം
എന്റെ ഹൃദയരാഗമായി
മനസ്സിൽ പതഞ് നുരഞിട്ടും
ഒരിക്കലും പൂവണിയാത്ത
സുന്ദര മോഹമായി
നമ്മളിങ്ങനെ നിശ്വാസങ്ങളുതിർത്ത്
മനസ്സില്‍ പ്രണയഗീതങ്ങള്‍ പാടി
വൃഥാ ദൂരങ്ങളിൽ ഇന്നും
ഗതകാലമയവിറക്കുന്നതും.
പൂതനയും രാധയുമെല്ലാം
എന്റെ ജീവിതത്തിൽ
ഞാൻ തന്നെ നേരിടേണ്ട
നിയോഗങ്ങാളാണെന്നു
സ്വയം തിരിച്ചറിയാൻ
വൈകിപ്പോയിരുന്നോ,
ഇതുവരെയൊന്നും പഠിച്ചില്ലെന്നു
പഠിയ്ക്കാൻ ഇത്രയും നാൾ ,
ഇനിയെന്തെങ്കിലും പഠിയ്ക്കാൻ
എത്ര നേരമെന്നറിയില്ല,
എങ്കിലും കാലിൽ തറച്ച
വിഷം തേച്ച അമ്പുമായി
ചുണ്ടിലൊരു ചിരിയുമായി
ഊഴവും കാത്ത് ഞാനിവിടെയുണ്ട് ....

Tuesday, January 24, 2012

പ്രണയ കവിത

പ്രണയ കവിത

കവിത മരിച്ച മനസ്സ് കൊണ്ട്
ഞാനെന്റെ കരൾ പറിച്ചെടുത്തു
അതിലെന്റെ പ്രണയം ഇല്ലല്ലോ

ഊറിവന്ന ചോര വീഞാക്കി
ലഹരിയിൽ കവിത എഴുതി
അതിലും പ്രണയമില്ല

കവിതയും പ്രണയവും
ഒരുമിച്ച് മരിച്ചപ്പോൾ
ഇങ്ങനെ കരളില്ലാതെ....!!

അഞ്ചാമതായൊരിടം.!

അഞ്ചാമതായൊരിടം.!

ഒടുവില്‍ കാലത്തെ
മെല്ലെ നിശ്ചലമാക്കി
പ്രകാശ വേഗത്തിനും
അപ്പുറം കടന്ന്,

ഘടികാര സൂചികള്‍
പുറകോട്ട് ചലിപ്പിച്ച്,
തുവര്‍ത്തി കുളിച്ച്,
പല്ലു തേച്ച് ,ഉറങ്ങി,

അത്താഴം കഴിച്ച്,
സായംസന്ധ്യ കണ്ട്,
ഉച്ചവെയിലില്‍ വിയര്‍ത്ത്,
പ്രാതല്‍ കഴിച്ച്,

പുനരാവര്‍ത്തനങ്ങളുടെ
കുതിരപ്പുറത്തേറി,
അങ്ങനെയങ്ങനെ
പുറകോട്ട് വന്നു വന്ന്,

നമ്മള്‍ നമുക്കുമാത്രമായി
ഒരിക്കല്‍ തീര്‍ത്ത
മുക്കുറ്റി പൂക്കളും,
നീര്‍ച്ചാലുകളും നിറഞ
ആ ഹരിതാഭമായ
പ്രണയ താഴ്വയിലേക്ക് .

അയുക്തിയുടെ യുക്തിയും
ബോധാവബോധങ്ങളും
സങ്കീര്‍ണ്ണതകള്‍ തീര്‍ക്കാത്ത
നമ്മുടെ മാത്രമാം,

എന്തിനെന്നും ,എങ്ങനെയെന്നുമുള്ള,
ചോദ്യങ്ങള്‍ അപ്രസക്തമാവുന്ന
നമ്മുടെ ലോകത്തേയ്ക്ക്..!

സമയവും, കാലവും
നമ്മിലേക്ക് ചുരുക്കി
നിന്നിലേക്കെത്താന്‍,
അതിനുമാത്രം ,പക്ഷേ,
അഞ്ചാമതായൊരിടം
ഞാനും തിരയട്ടേ,
സമയ ദൂര സങ്കല്പ തലങ്ങൾക്കും
അതീതമായ അഞ്ചാമതൊരിടം !

Saturday, January 21, 2012

താമരേ..

താമരേ..


എന്റെ താമരപൂവേ..
ഒടുവില്‍ നിനക്കായ്
എന്റെയീ പാറപ്പുറവും
നിനക്കു വേണ്ടി ഞാനിതാ‍
കുളമാക്കിയിരിക്കുന്നു


പായലും വഴുക്കലും
ചെറുമീനുകളും വരാലും
സ്വന്തം വിഴുപ്പലക്കുന്നവരും
നീന്തിക്കുളിക്കുന്ന സുന്ദരികളും
ഒളിഞ്ഞു നോട്ടക്കാരും
അത്താഴം മുടക്കാന്‍
ചില നീര്‍ക്കോലികളും
എല്ലാമുള്ള സുന്ദരമായ കുളം .

എങ്കിലും,
നിനക്കുമാത്രമായൊരു കുളം
അസാധ്യമെന്നറിഞ്ഞാലും.
വൈകേണ്ട, മടിക്കേണ്ട
ഇതൊന്നുമില്ലാതെന്ത് കുളം