പ്രണയപർവ്വം

എന്റെ പ്രണയ ചിന്തകൾ

Friday, July 22, 2016





(ചിത്രം കടപ്പാട് ഗൂഗള്‍ )
മഴേ..!!

ഏതോ അതി ന്യൂന മർദ്ദത്തിലേക്ക്
ആഞ് കയറുന്ന കാറ്റും
അതിനിടയിൽ തണുത്തുറയുന്ന
കാർമേഘവും ഒരു പുതുമയല്ല .
ചാക്രിക ചലനങ്ങലുടെ തെറ്റാത്ത
നിഷ്ടകളും ആവർത്തനങ്ങൾ മാത്രം .
ചലനവേഗത്തിൽ സ്ഥാനീയത
നഷ്ടമാവുന്ന മേഘകൂട്ടുകളുടെ
ഗർജ്ജനം ആരും ഗൌനിക്കാറില്ല .
എന്നാൽ,
ഒരു മഹാ വിസ്ഫോടനത്തിൽ
ഉള്ളുരുകി തപിച്ച് നിന്നപ്പൊൾ
എനിക്ക് തണുക്കാനും കുളിരാനും
മുക്കാലൊളം മുങ്ങിയിങ്ങനെ കിടക്കാനും
പേമാരിയായി നിന്നെയയച്ചത്
ആരെന്ന് നീ മറക്കുന്നുവോ

വേണ്ടാ ,
ഒരു പഴിചാരൽ നമുക്കിടയിൽ വേണ്ടാ
എന്നിൽ നിന്നും ബാഷ്പമായുയർന്ന്
എന്നിലേക്ക് തന്നെ ഒതിർന്ന് വീഴാൻ,
കാലങ്ങളോളം നീയും ഞാനുമിഴചേർന്ന്
ഹരിതവർണ്ണങ്ങളും മിഴിയനക്കങ്ങളും
തുടിച്ച് നിൽക്കുന്ന ഈ ഭൂമിയിൽ
വിനാശചിന്തയല്ലാതെ വേറെയും
നിയോഗങ്ങൾ നിനക്കായുണ്ട്..!!!



Wednesday, May 25, 2016

പൂരാന്ത്യം





ഗതകാല  സ്മൃതികളിൽ നിന്നും
കാലങ്ങൾക്കിപ്പുറത്തേക്ക്
കൊട്ടിക്കയറുന്ന  
മേളപ്പെരുക്കങ്ങളെ  സാക്ഷിയാക്കി
മോഹാവേശങ്ങളുടെ കുടമാറ്റം

വാഗ്ദാനങ്ങളുടെ  കൊട്ടിക്കലാശത്തിൽ
മുകളിലേക്ക് പോയി
ജീവിതം പോലെ
പൊട്ടിയും ചീറ്റിയും
വെറും പുകയായ് മാറുന്ന
വർണ്ണ  പുഷ്പങ്ങൾ

വീണ്ടും  കാണാൻ
ഉപചാരം ചൊല്ലി പിരിയുമ്പോൾ   
പ്രണയ മിഴികളിൽ
ഇമയനക്കങ്ങളുടെ  ദ്രുതതാളം

ഇടയ്ക്കൊന്ന് പിന്തിരിഞ്ഞ് നോക്കി
മെല്ലെ നടക്കുന്നകലുന്ന
നിറമിഴികളിൽ
വേർപിരിയലിന്റെ   സ്പുടതാളം

ഒടുവിൽ  എല്ലാം കഴിഞ്ഞ്
പൂരപ്പറമ്പിലെ
വിജന ശൂന്യതയിലലിയുന്ന
കാറ്റിനു പോലും
നഷ്ടമോഹങ്ങളുടെ
നിശ്ശബ്ദ ഗദ്ഗദം

Saturday, December 19, 2015

ഒന്നുണ്ട് ചൊല്ലുവാൻ...

ഒന്നുണ്ട് ചൊല്ലുവാൻ...


ഞാൻ,
സ്നേഹിച്ച കുറ്റത്തിന്ന് ഇന്നും
ചതിയനായറിയപ്പെടുന്നവൻ

പച്ചോലയിൽ കെട്ടിവലിച്ച്
എന്റെ കബന്ധം അവിടെ
എത്തുമ്പൊൾ നീ അവിടെ
ഉണ്ടാവണം

അറപ്പുര വാതിൽ എനിക്കായ്
തുറന്നിട്ട നീ പൊരിവെയിലിൽ
കരിഞൂണങ്ങാതെ തണലിലേക്ക്
മാറിനിൽക്കൂ

ഇപ്പോഴും,
ഈ അവസാന നിമിഷവും
എനിയ്ക്കിഷ്ടം നിന്റെ ചുവന്ന്
തുടുത്ത മുഖം തന്നെ
അത് കരിഞുണങ്ങരുത്

കളരിമുറ്റത്ത് ഇമവെട്ടാത്ത
വാൾതലപ്പുകളിൽ
പ്രണയത്തിന്റെ തീപ്പൊരികൾ
പെയ്തിറങ്ങിയപ്പോൾ

നിനക്കായ് ഞാൻ
എന്നോ കരുതിയൊരു
പൂമാല കരിഞുണങ്ങി
മാറാപ്പിലെവിടെയോ
കാത്തിരിപ്പുണ്ട്

ഉപചാരവും ശപഥവും
കാർക്കിച്ച് തുപ്പലും ശാപ വാക്കുകളും
കഴിഞാൽ ആരും കാണാതെ
അതെടുത്തണിയണം.

ചതിയുടെ പാണൻ പാട്ടുകളും
നെറിക്കേടിന്റെ നിലപാടുതറകളും
ഇല്ലാതെ ഏതെങ്കിലുമൊരു കാലം
എന്നെ ഞാനായി അഭ്രപാളിയിൽ
പകർത്താൻ ആരെങ്കിലും വരും
ജനം കോരിത്തരിക്കും

Saturday, September 5, 2015

ഞാനിവിടെയുണ്ട്....


നെഞ്ചിലെ വിഷവും
ചണ്ടിലെ ചിരിയുമായി.
ആദ്യം കണ്ടത്
പൂതനയെ തന്നെയാണു.

നിവൃത്തികേടില്‍
ചോരവാർത്തി കൊന്നെങ്കിലും
കുറ്റപെടുത്തിയില്ല ഒരിക്കലും.

വിഷം തീണ്ടിയ
പശുവും പക്ഷികളും
ചത്തു വീഴുന്നത് കണ്ടാണു
നദിയിലെക്കന്നെടുത്ത് ചാടിയതും
കാളിയനെ മര്‍ദ്ദിച്ചതും.

നറു വെണ്ണ  പോലെ  തോന്നിക്കും
ചതിയുടെ മുഖങ്ങളിങ്ങനെ
പിന്നെയും ഒരു പാട് കണ്ട്
വളർന്നത് കൊണ്ടാവാം

നിന്റെ ചുണ്ടിലെ പ്രണയ രാഗം
എന്റെ ഹൃദയരാഗമായി
മനസ്സിൽ പതഞ് നുരഞ്ഞ്
പ്രണയ വൃന്ദാവനം തീർത്തിട്ടും


ഒരിക്കലും പൂവണിയാത്ത
സുന്ദര മോഹമായി
നമ്മളിങ്ങനെ നിശ്വാസങ്ങളുതിർത്ത്
മനസ്സില്‍ മാത്രം
പ്രണയഗീതങ്ങള്‍ പാടി
 ദൂരങ്ങളിൽ ഇന്നും വൃഥാ
ഗതകാലമയവിറക്കുന്നതും.

പൂതനയും രാധയുമെല്ലാം
എന്റെ ജീവിതത്തിൽ
ഞാൻ തന്നെ നേരിടേണ്ട
നിയോഗങ്ങാളാണെന്നു
സ്വയം തിരിച്ചറിയാൻ
വൈകിപ്പോയിരുന്നോ,

ഇതുവരെയൊന്നും പഠിച്ചില്ലെന്നു
പഠിയ്ക്കാൻ ഇത്രയും നാൾ ,
ഇനിയെന്തെങ്കിലും പഠിയ്ക്കാൻ
എത്ര നേരമെന്നറിയില്ല,

എങ്കിലും കാലിൽ തറച്ച
വിഷം തേച്ച അമ്പുമായി
ഊഴവും കാത്ത്
ചുണ്ടിലൊരു ചിരിയുമായി
ഞാനിവിടെയുണ്ട് ....

Tuesday, July 21, 2015

പ്രണയമാപിനീ  നീയെനിക്കേകു

ലളിതമാനസ

Monday, July 20, 2015

ഗസല്‍..അന്നു മോഹിച്ചപ്പോള്‍...

എന്തേ....?
അന്നു മോഹിച്ചപ്പോള്‍ എന്തേ നീയൊരു
ചെന്താമരായായ് വിടര്‍ന്നീലാ
എന്റെ കണ്ണിലെ തിളക്കവുമറിഞ്ഞീലാ.
എന്തേ അറിഞ്ഞീലാ.. .............( അന്നു മോഹിച്ചപ്പോള്‍ )


നിന്റെ തളിര്‍ മേനി പുല്‍കാന്‍ കൊതിച്ച് ഞാനെത്ര-
കാതങ്ങളായ് അലഞ്ഞുവെന്നോ
നിന്റെ തൊട്ടുമുന്നിലായ് എത്രനേരം ചിരിച്ചുവെന്നോ
വൃഥാ ചിരിച്ചു വെന്നോ ..............( അന്നു മോഹിച്ചപ്പോള്‍ )


സന്ധ്യ വൈകുന്നോരീ മുഹൂര്‍ത്തത്തിലെന്തേ നിന്‍ മുഖം
തെളിഞ്ഞതും നീ ചിരിക്കുന്നതും
ഇരുള്‍ പരക്കൂന്നൂവെന്റെ മനസ്സിലും നഭസ്സിലും ,
ഇനിയൊരു ജന്മത്തിനായ്  കാത്തിരിക്കില്ലെ  എന്നെ
.................................................................( അന്നു മോഹിച്ചപ്പോള്‍ )



Thursday, April 2, 2015

വെറുതെ..

സൂര്യനുയരുന്നതും നേരം പുലരുന്നതും
കാക്ക കരയുന്നതും വെറുതെ.
വേലിയേറുന്നതും തിരയുയരുന്നതും
അലകളിളകിയാടിയമരുന്നതും വെറുതെ
സന്ധ്യ ചോക്കുന്നതും പൂവൂ കൂമ്പുന്നതും
രാത്രിയാവുന്നതും കാറ്റടിക്കുന്നതും
ചന്ദ്രനെത്തുന്നതും വെറുതെ.
നാമ്പുതിര്‍ക്കുന്നതും ഇല തളിര്‍ക്കുന്നതും
കായുണങ്ങുന്നതും താഴെ വീഴുന്നതും
മുളയെടുക്കുന്നതും വെറുതെ.
മഴ നനയ്ക്കുന്നതും പുഴ ചിരിക്കുന്നതും
കാടു കൂടുന്നതും ഞാന്‍ മരിയ്ക്കുന്നതും
നീ വിതുമ്പുന്നതും വെറുതെ.