പ്രണയപർവ്വം

എന്റെ പ്രണയ ചിന്തകൾ

Saturday, March 18, 2017

മോഹക്കാഴ്ചകള്‍.

മോഹക്കാഴ്ചകള്‍.

ചിലപ്പോള്‍ മനസ്സിന്റെ
രാവണന്‍ കോട്ടകള്‍
കൂരിരുട്ടില്‍ കൊട്ടിയടച്ച്
ഞാനൊരു രാക്ഷസനായി മാറും .

അപ്പോള്‍
ഞാനെന്റെ സീതയെ
തീരാത്ത മോഹത്തിന്റെ
പുഷ്പകവിമാനത്തിലേറ്റി
ഒടുങ്ങാത്ത ആസക്തിയുടെ
അശോക മരച്ചുവട്ടില്‍
ആരും കാണാതെ
കൊണ്ടുംവന്നിരുത്തും.

എന്നിട്ടവിടെ
ഉറക്കെ അഹങ്കാരത്തിന്റെ
കൂറ്റന്‍ മട്ടുപ്പാവിലിരുന്നു
പൊട്ടിച്ചിരിക്കും അലറും.

കരയുന്ന അവളെ നോക്കി
പ്രണയ ഗാനം ആലപിക്കും.
അപ്പോളാവും അവളുടെ
കോന്തന്‍ ആര്യപുത്രനും
കുറേ കുരങ്ങന്മാരും
എന്റെ സ്വപ്നങ്ങള്‍ തകര്‍ത്ത്
അവളെയും കൊണ്ട്
തിരികെ പോകുന്നത്.

മറ്റുചിലപ്പോള്‍ അവളിങ്ങനെ
എന്നോട് ചേര്‍ന്ന് നില്‍ക്കും
എന്റെ നേര്‍ പകുതിയായി.
മനസ്സില്‍ അവളോടൊപ്പം
ഹിമശൈലങ്ങളെ സാക്ഷിയാക്കി
മൂന്നുലോകവും കേള്‍ക്കുമാറുച്ചത്തില്‍
ഡമരു കൊട്ടി താണ്ടവമാടും
രതിയുടെ ആനന്ത നൃത്തമാടും
പുനര്‍ജനിക്കാനായ് അവള്‍
തിരിച്ച് പോകുമ്പോള്‍
മൂന്നാം കണ്ണിലെ അഗ്നിയുമായി
കാട്ടിലും ചുടലയിലും
വീണ്ടും മനസ്സിന്റെ അലയല്‍.

ഇനിയും ചിലപ്പോള്‍
മനസ്സൊരു വൃന്ദാവനമാകും
ദ്വാപര സന്ധ്യകളില്‍
പ്രണയ പുഷ്പങ്ങള്‍
ദാഹാര്‍ത്തരായിരിക്കേ
ആരൊക്കെയോ ചേര്‍ന്ന്
ഉത്തരവാദിത്വത്തിന്റെ
മഥുരാപുരിയിലെക്കെന്നെ
വലിച്ചിഴച്ച് കൊണ്ടുപോകും
പരിഭവമില്ലാതവള്‍ വിതുമ്പും
എന്റെ കണ്ണിലൊരു യമുനയൊഴുകും
കാഴ്ചകള്‍ മെല്ലെ മറയും.


ഇപ്പോള്‍ എനിയ്ക്കും അറിയാം
അവരൊന്നും എന്റേതല്ലെന്ന്
എല്ലാം മോഹങ്ങളായിരുന്നെന്ന്
സ്വപ്നങ്ങള്‍ക്ക് പരിമിധികളില്ലാത്ത
എന്റെ മായക്കാഴ്ചകളായിരുന്നെന്ന്
അടുക്കളപ്പുകയില്‍ ചുമയ്ക്കുന്നത്
എന്റെ ഭാര്യയാണെന്ന്,

No comments:

Post a Comment