പ്രണയപർവ്വം

എന്റെ പ്രണയ ചിന്തകൾ

Saturday, June 14, 2014

അണ.

അണ.

ആരെയാണു നീയിങ്ങനെ 
കാലങ്ങളായി അണകെട്ടി 
തടഞ്ഞു വെച്ചിരിക്കുന്നത് ,
എന്റെ  പ്രണയത്തെയോ..
അതോ അതില്‍
കുത്തിയൊലിച്ച്
മറിഞ്ഞ് പോകുമെന്ന
നിന്റെ ഭയത്തെയോ
ഹരിത മുകുളങ്ങളായി 
മനസ്സില്‍ കുരുത്ത 
സ്വാര്‍ത്ഥ  മോഹങ്ങളുടെ
ഇരുമ്പ് ഷട്ടറുകള്‍
ഇനിയെങ്കിലും  തുറക്കൂ
ഞാനാ സാഗരത്തിലലിയട്ടേ

Sunday, August 4, 2013

നീയെവിടെ.... ( വാലന്റയിൻ സ്പഷൽ)

ഋതുഭേദങ്ങൾക്കിടയിലെന്നൊ
കാലം വരച്ചിട്ട നിറകൂട്ടുകളിൽ
മാനം നോക്കി നടന്ന ഞാൻ
നിന്നെ കണ്ടതെന്നായിരുന്നു...

ശിശിരത്തിന്റെ തണുപ്പും
വസന്തം വിരിയിച്ച പൂക്കളും
ഗ്രീശ്മോഷ്ണവും ഒരുമിച്ചാവാഹിച്ച
ആ കണ്ണുകൾ ,ആ വശ്യത
എന്നായിരുന്നു ഞാൻ കണ്ടത്...

ആ ചുണ്ടിനൊന്നു മുത്താതെ
മാറിലൊന്നു നോക്കാതെ
വിരലൊന്നനക്കാതെ എന്നെ
ഇരുത്തിയ ആ കണ്ണുകളെവിടെ...

മൂടൽ മഞു പോലെ വന്ന്,
മുന്നിൽ വിശ്വ സൌന്ദര്യമായി
ഒടുവിൽ ഒരു ചെറു വെയിലിൽ
മഞുപോലുരുകി എവിടെയാണു
നീ നിലം പതിച്ച് നഷ്ടമായത്..

മഞു പെയ്യുന്ന ഈ രാത്രിയിൽ
എനിയ്ക്കിനിയും സമയമില്ല

മൂകമായ് തിരിച്ച് പോകട്ടേ
എന്നെത്തെയും പോലെ...

പാതി കരിഞ പന്തം
അറിയാതെ  വീഴാതെ
എള്ളിൻ പൂവും
നവ ധാന്യങ്ങളും
മുളച്ച  ഈ നനുത്ത
മണൽ കൂനയിളക്കാതെ
മെല്ലെയീ തെങ്ങിൻ പൂക്കല
ഇളക്കി മാറ്റി  വീണ്ടും
താഴൊട്ടൂർന്നിറങ്ങട്ടേ

 അവിടെ കാത്തിരിക്കാൻ
എനിക്കെന്റെ തണുത്ത് മരവിച്ച
ശരീരവും  കൂട്ടിനായി
നീ പ്രകാശം പരത്തിയ
കണ്ണീലേക്ക് നോക്കി
ഇരുട്ടിലായ  കണ്ണൂകളും
ഇപ്പോളും അടഞിരിപ്പുണ്ട്...
നിന്നെയും കാത്ത്..

Friday, December 28, 2012

സര്‍ക്കസ്..!!

സര്‍ക്കസ്..!!

ഒരു കാമുകനില്‍ നിന്നും
അടുത്തതിലേക്ക്
ട്രിപ്പീസാടുന്ന
സര്‍ക്കസ്സുകാരിയുടെ
മെയ്  വഴക്കത്തോടെ
 അവള്‍,   


 ഹര്‍ഷാരവങ്ങളുമായി
ശ്വാസമടക്കിയും കോരിത്തരിച്ചും
ഗാലറിയില്‍  ഇരമ്പുന്ന
ആള്‍ക്കൂട്ടം പോലെ
നാട്ടുകാര്‍,


റിഗില്‍  താഴെ

തല  തല്ലി ചിരിച്ചും , ചിരിപ്പിച്ചും
ഗോഷ്ടി കാട്ടിയും
എല്ലാം കാണുന്ന
വെറും കോമാളിയായി
ഞാനും,

Sunday, December 16, 2012

പ്രണയ ശിഷ്ടം

പ്രണയ ശിഷ്ടം

വാക്കുകളുടെ നിരന്തര
സങ്കലന വ്യവകലനങ്ങളില്‍
കുരുങ്ങിപ്പോയ നമ്മുടെ
സ്നേഹ സമവാക്യങ്ങള്‍ !

കൂട്ടിയും കുറച്ചും
ഗുണിച്ചും ഹരിച്ചും
നാം തീര്‍ത്തൊരാ
സൂത്ര വാക്യങ്ങൾ

നാം പോലുമറിയാതെ
ആരെല്ലാമോ ചേര്‍ന്ന്
മാറ്റി മറിച്ചിട്ട ചിഹ്നങ്ങളില്‍
ആകെ തെറ്റിപ്പോയവ.


നീയെനിക്കൊരു പ്രണയ
ശൂന്യതയുടെ പൂജ്യമാണിപ്പോള്‍
ഉത്തരം അനന്തമായ
നിന്റെ പ്രണയമാക്കുവാന്‍
ഞാനിങ്ങനെ നീയാല്‍
ഹരിക്കപെടുകയും !


Saturday, November 24, 2012

ഗസല്‍..എത്ര ഗാനങ്ങള്‍...

ഗസല്‍..എത്ര  ഗാനങ്ങള്‍...

എത്ര ഗാനങ്ങള്‍ നാം ഒരുമിച്ച് പാടി
എത്ര രാഗങ്ങള്‍ നാമൊരുമിച്ച് മൂളീ
അതിലൊരു ഗാനം പോലും
എനിയ്ക്കായ് നീ പാടിയില്ലല്ലോ ..........(എത്ര ഗാനങ്ങള്‍ )


എത്ര ചിത്രങ്ങള്‍ നാം ഒരുമിച്ച് തീര്‍ത്തൂ
എത്ര വര്‍ണ്ണങ്ങള്‍ നാം ഒരുമിച്ച് ചാലിച്ചു
അതിലൊരു ചിത്രത്തില്‍ പോലും
നീയെന്നെ വരച്ചില്ലല്ലോ ...........( എത്ര ഗാനങ്ങള്‍ )


എത്ര നേരം നാം ഒരുമിച്ച് ചിരിച്ചൂ
എത്ര പേരെ നാമൊരുമിച്ച് ചിരിപ്പിച്ചു
അതിലൊരു ചിരിപോലും നീ
എനിയ്ക്കായ് ചിരിച്ചില്ലല്ലോ. ............... ( എത്ര ഗാനങ്ങള്‍ )